ന്യൂഡല്‍ഹി: രണ്ടാഴ്ചക്കിടെ രണ്ടുതവണ കോവിഡ് പിടികൂടിയതായി ഐ.പി.എല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി. കോവിഡിനൊപ്പം കടുത്ത ന്യൂമോണിയയും ബാധിച്ച ലളിത് മോദി ഓക്സിജന്റെ പിന്തുണയോടെയാണ് കഴിയുന്നത്.
രണ്ടാഴ്ചക്കിടെ രണ്ടുതവണയാണ് തനിക്ക് കോവിഡ് ബാധിച്ചതെന്നും ന്യൂമോണിയയിലേക്ക് നീങ്ങിയതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ലളിത് മോദി പറയുന്നു. മെക്‌സിക്കോ സിറ്റിയില്‍ വച്ചാണ് മോദിക്ക് രോഗം ബാധിച്ചത്. പിന്നാലെ ലണ്ടനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
എയര്‍ ആംബുലന്‍സില്‍ ലണ്ടനിലേക്ക് കൊണ്ടുപോയ ലളിത് മോദി തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലാണ് ആരോഗ്യവിവരം പങ്കുവെച്ചത്.മൂന്നാഴ്ചയോളം രോഗവുമായി മല്ലിട്ടു. ഒടുവില്‍ എയര്‍ ആംബുലന്‍സില്‍ ലണ്ടനില്‍ തിരിച്ചെത്തി. നിര്‍ഭാഗ്യവശാല്‍ ഇപ്പോഴും 24 മണിക്കൂറും ഓക്സിജന്റെ പിന്തുണയോടെയാണ് കഴിയുന്നത്. എല്ലാവര്‍ക്കും സ്നേഹം-എന്നായിരുന്നു ഇന്‍സ്റ്റഗ്രാം പോസ്റ്റ്. മൂന്നാഴ്ചത്തെ ജയില്‍വാസത്തിന് ശേഷമാണ് മെക്‌സിക്കോയില്‍ നിന്ന് ലണ്ടനിലേക്ക് കൊണ്ടുവന്നതെന്നും ലളിത് മോദി സൂചിപ്പിച്ചു.
സുസ്മിത സെന്നിന്റെ സഹോദരന്‍ രാജീവ് സെന്‍ ഉള്‍പ്പെടെയുള്ള നിരവധി സെലിബ്രിറ്റികള്‍ മോദിയുടെ പോസ്റ്റിന് കമന്റ് ചെയ്തു. വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ഇവര്‍ ആശംസിച്ചു. നിലവില്‍ ലണ്ടനില്‍ താമസിക്കുന്ന മോദിയെ 2010ല്‍ ബി.സി.സി.ഐയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

