കൊച്ചി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചു.
സനായിലെ അപ്പീല്‍ കോടതിയെ ആണ് യുവാവിന്റെ ബന്ധുക്കള്‍ സമീപിച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായി ആക്ഷന്‍ കൗണ്‍സില്‍ രാജ്യാന്തരതലത്തില്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു കേന്ദ്ര സര്‍ക്കാരും ഇടപെട്ടിരുന്നു. എന്നാല്‍ നഷ്ടപരിഹാരം സ്വീകരിക്കാന്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ തയാറാകാതെ വന്നതോടെയാണ് അനുരഞ്ജന ശ്രമങ്ങള്‍ നിര്‍ജീവമായത്.
യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരിവച്ചതോടെയാണ് മോചന സാധ്യത മങ്ങിയത്. മരിച്ച തലാലിന്റെ കുടുംബം മാപ്പ് നല്‍കിയാലേ ഇനി മോചനം സാധ്യമാകൂ. ഇതിനുള്ള പരിശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
2017 ജൂലൈ 25 നാണ് കേസിന് ആസ്പദമായ സംഭവം. നിമിഷ പ്രിയ യെമന്‍കാരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷപ്രിയ. സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൗരന് തലാല്‍ അബ്ദുമഹദി പാസ്പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

