ന്യൂഡല്‍ഹി
ലൈംഗികാതിക്രമകേസില് പ്രതിയായ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ തുടങ്ങിയ സമരം ഒരു മാസം പിന്നിട്ട ചൊവ്വാഴ്ച ഇന്ത്യാഗേറ്റ് പരിസരത്ത് ആയിരങ്ങള്‍ അണിനിരന്ന മെഴുകുതിരി മാര്‍ച്ച്.
സമരവേദിയായ ജന്തര്‍മന്തറില്‍നിന്ന് കാല്‍നടയായി താരങ്ങള്‍ തുടങ്ങിയ മാര്‍ച്ചില്‍ വിവിധ പ്രദേശങ്ങളില്‍നിന്നുള്ളവര്‍ അണിചേര്‍ന്നു. ഇന്ത്യാഗേറ്റ് പരിസരത്ത് എത്തിയപ്പോള്‍ കേന്ദ്രത്തിനും ബ്രിജ് ഭൂഷണിനും എതിരെ രാജ്യം തീര്‍ത്ത പ്രതിരോധക്കോട്ടയായി അത് മാറി. അത്യപൂര്‍വമായിമാത്രം പ്രതിഷേധം അനുവദിക്കാറുള്ള ഇന്ത്യാഗേറ്റ് പരിസരത്ത് വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചത്.
സാക്ഷി മലിക്, വിനേഷ് ഫോഗട്ട്, ബജ്റംഗ് പൂനിയ, സംഗീത ഫോഗട്ട്, സത്യവര്‍ഥ് കടിയാൻ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം ജമ്മു കശ്മീര്‍ മുൻ ഗവര്‍ണര്‍ സത്യപാല്‍ മലിക്കും പങ്കെടുത്തു. സമരക്കാരുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് സ്ത്രീകള്‍ക്കു പുറമെ സംയുക്ത കിസാൻ മോര്‍ച്ചയടക്കമുള്ള കര്‍ഷക സംഘടനാ പ്രവര്‍ത്തകരും വിദ്യാര്‍ഥി, മഹിളാ സംഘടനാ പ്രവര്‍ത്തകരും ഒഴുകിയെത്തി. ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യുംവരെ പോരാട്ടത്തില്‍നിന്ന് പിന്നോട്ടില്ലന്ന് സമരക്കാര്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രഡിഡന്റ് പി കെ ശ്രീമതി ജന്തര്‍മന്തറിലെത്തി.

