ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തി.
ന്യൂയോര്‍ക്കില്‍ വന്നിറങ്ങിയ പ്രധാനമന്ത്രിയെ അമേരിക്കയിലെ ഇന്ത്യൻ സമൂഹം വലിയ ആഘോഷത്തോടെ സ്വീകരിച്ചു.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെയും ഭാര്യ ജില്‍ ബൈഡന്റെയും ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി അമേരിക്കയില്‍ എത്തിയിരിക്കുന്നത്. ഇവിടെ പ്രമുഖ വ്യക്തികളുമായി മോദി കൂടിക്കാഴ്‌ച നടത്തുമെന്നാണ് വിവരം. യോഗ ദിനാചരണം പ്രമാണിച്ചുള്ള പ്രത്യേക പരിപാടിയില്‍ നാളെ അദ്ദേഹം പങ്കെടുക്കും. പ്രതിരോധ, വ്യാപാര മേഖലകളിലെ പ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്‌ക്കും.
പ്രമുഖ കമ്ബനികളുടെ സിഇഒമാര്‍, നൊബേല്‍ സമ്മാന ജേതാക്കള്‍, സാമ്ബത്തിക വിദഗ്ദ്ധര്‍, ശാസ്‌ത്രജ്ഞര്‍, കലാകാരന്മാര്‍, വിദ്യാഭ്യാസ വിചക്ഷണൻമാര്‍, മറ്റ് പ്രതിഭകള്‍ എന്നിവരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് പ്രധാനമന്ത്രിയെ കണ്ട് ഇന്ത്യയില്‍ കമ്ബനിയുടെ പദ്ധതികളെ പറ്റി വിശദീകരിക്കുമെന്നാണ് വിവരം. ഇന്ത്യയുമായുള്ള പ്രതിരോധമേഖലാ സഹകരണം വര്‍ദ്ധിപ്പിക്കാനുള്ള വലിയ അവസരമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനമെന്ന് പെന്റഗണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

