തിരുവല്ല: സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തിരുവല്ല കോടതി തള്ളി.
തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. ബുധനാഴ്ച കേസ് പരിഗണിച്ചെങ്കിലും തുടര്‍നടപടികള്‍ക്കായി വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
കൊച്ചിയിലെ അഭിഭാഷകനായ ബൈജു നോയലാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ കോടതി വിധിക്ക് മുമ്ബ് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരാനുള്ള സി.പി.എം തീരുമാനം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍, ഹര്‍ജി കോടതി തള്ളിയതോടെ അദ്ദേഹത്തിന് ആശ്വാസമായി.
ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗം നടത്തിയെന്നാണ് കേസ്. തിരുവല്ല കോടതിയുടെ നിര്‍ദേശപ്രകാരമാണ് സജി ചെറിയാനെതിരേ പൊലീസ് കേസെടുത്തത്. ഇതിനിടെ മന്ത്രിക്ക് അനുകൂലമായി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ പൊലീസ് റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. സജി ചെറിയാനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

