തിരുവനന്തപുരം: സൈനികരുടെ ക്ഷേമത്തിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളത്തിലെ 122 ടെറിട്ടോറിയല്‍ ആര്‍മിയുടെ ആസ്ഥാനമായ കോഴിക്കോട് വെസ്റ്റ് ഹില്‍ സെന്‍റര്‍ സന്ദര്‍ശിക്കുകയായിരുന്നു മുഖ്യമന്ത്രി. വീരമൃത്യു വരിച്ച സൈനികരായ നായിക് ബി.കെ അനില്‍ കുമാര്‍, ഹവില്‍ ദാര്‍ വിജയന്‍ എം എന്നിവരുടെ സ്മൃതി മണ്ഡപത്തില്‍ മുഖ്യമന്ത്രി പുഷ്പചക്രം അര്‍പ്പിക്കുകയും ഇവരുടെ ഭാര്യമാരെ മുഖ്യമന്ത്രി ആദരിക്കുകയും ചെയ്തു.
രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരുടെ ഭാര്യമാരെ കാണുന്നത് വളരെ വൈകാരികമായ അനുഭവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 122 ടെറിട്ടോറിയല്‍ ആര്‍മി കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ നവീന്‍ ബഞ്ചിത്ത് ബറ്റാലിയന്‍റെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. കണ്ണൂരില്‍ നിന്നുള്ള ടി.എ. ബറ്റാലിയന്‍ അടുത്തിടെ കോഴിക്കോട് വെസ്റ്റ് ഹില്ലിലേക്ക് മാറ്റിയിരുന്നു. ഇതാദ്യമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രം സന്ദര്‍ശിക്കുന്നത്.
അപകടത്തില്‍ പെടുകയോ മരിക്കുകയോ ചെയ്തവര്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം ഭരണകൂടം ചെയ്യുന്നുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെങ്കില്‍ തുറന്ന മനസ്സോടെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

