ബഹിരാകാശ ഗവേഷണ രംഗത്ത് സ്വകാര്യമേഖലയ്ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായി ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള ഐ.എസ്.ആര്‍.ഒയുടെ സതീഷ് ധവാന്‍ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണത്തറയും സ്ഥാപിച്ചു.
ഇതോടെ ഇവിടെ ഐ.എസ്.ആര്‍.ഒ.യുടെ രണ്ടെണ്ണം ഉള്‍പ്പെടെ മൂന്ന് ലോഞ്ച് പാഡുകളായി. കൂടാതെ രണ്ട് സൗണ്ടിംഗ് റോക്കറ്റ് പാഡുകളുമുണ്ട്.ചെന്നൈയിലെ ബഹിരാകാശ സാങ്കേതിക സ്റ്റാര്‍ട്ടപ്പ് അഗ്നികുല്‍ ആണ് ശ്രീഹരിക്കോട്ടയില്‍ ലോഞ്ച് പാഡ് നിര്‍മ്മിച്ചത്. ഐ.എസ്.ആര്‍.ഒ. ചെയര്‍മാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ ഡോ.എസ്.
സോമനാഥ് ഉല്‍ഘാടനം ചെയ്തു. നാല് കിലോമീറ്റര്‍ അകലെ അഗ്നികുല്‍ മിഷന്‍ കണ്‍ട്രോള്‍ സെന്ററും ഉണ്ട്.വിക്ഷേപണ സമയത്ത് ഇസ്രോയുടെ പിന്തുണ ഉറപ്പാക്കാനും ഇസ്രോയുടെ മിഷന്‍ കണ്‍ട്രോള്‍ സെന്ററുമായി വിവരങ്ങള്‍ പങ്കിടാനും ധാരണയായി. ത്രീ ഡി പ്രിന്റിങ്ങിലൂടെ അഗ്നികുല്‍ നിര്‍മ്മിച്ച റോക്കറ്റ് ‘അഗ്നിബാണ്‍’ അടുത്ത വര്‍ഷം ഈ ലോഞ്ച്പാഡില്‍ നിന്നായിരിക്കും വിക്ഷേപിക്കുക. 100 കിലോ ഭാരം വഹിക്കാന്‍ ശേഷിയുള്ള അഗ്നിബാണ്‍ 700 കിലോമീറ്റര്‍ വരെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങള്‍ എത്തിക്കുമെന്ന് അഗ്നികുല്‍ സഹസ്ഥാപകനും സി.ഇ.ഒ.യുമായ ശ്രീനാഥ് രവിചന്ദ്രന്‍ പറഞ്ഞു.

