തിരുവനന്തപുരം: വടക്കുകിഴക്കന്‍ ഇന്ത്യയിലും, ബീഹാറിലും ആഫ്രിക്കന്‍ പന്നിപ്പനി പടരുന്നു. ഈ സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്കി.
രോഗം പടരുന്ന പ്രദേശങ്ങളില്‍ ഇറച്ചി വില്‍പ്പന നിരോധിച്ചതോടെ ഇവയുടെ വില കുറഞ്ഞു. ഈ സാഹചര്യത്തില്‍ ഇവിടങ്ങളില്‍ നിന്ന് നാമമാത്രമായ വിലയ്ക്ക് പന്നികളെ കടത്താന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് സൂചന നല്‍കിയിട്ടുണ്ട്.
ഇത് സംബന്ധിച്ച് കേന്ദ്ര മൃഗസംരക്ഷണ കമ്മീഷണറുടെ കത്ത് സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. പന്നികളില്‍ രോഗം വളരെ വേഗത്തില്‍ പടരുന്നു. വാക്സിനോ മറ്റൊ ഇല്ലാത്തതിനാല്‍ രോഗബാധിതരായ പന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുകയാണ്. അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റുകളിലും മറ്റ് സ്ഥലങ്ങളിലും പൊലീസുമായി സഹകരിച്ച് മൃഗസംരക്ഷണ വകുപ്പ് കര്‍ശന പരിശോധന നടത്തണമെന്നും കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.
രണ്ട് വര്‍ഷം മുമ്പ് അസമില്‍ ഇന്ത്യയിലെ ആദ്യത്തെ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് പന്നികളെ കൂടുതലും വളര്‍ത്തുന്നത്. കേരളത്തില്‍ ഏകദേശം ഒരു ലക്ഷത്തോളം വളര്‍ത്തു പന്നികള്‍ ഉണ്ടെന്നാണ് കണക്ക്. പന്നികളില്‍ മാത്രം കാണപ്പെടുന്ന രോഗമായതിനാല്‍ ഇത് മറ്റ് മൃഗങ്ങളിലേക്ക് പകരാന്‍ കഴിയില്ലെന്നും ഈച്ചകള്‍ വഴി പന്നികളിലേക്ക് പകരാമെന്നും പാലോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പന്നികളെ കൊണ്ടുവരരുതെന്ന് കേരളം കര്‍ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

