ശ്രീലങ്കന്‍ ജനത ഇരച്ചുകയറി പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്തിരിക്കുന്നു. ശ്രീലങ്കന്‍ പ്രക്ഷോഭത്തിന്റെ ഇതുവരെയുള്ള സംഭവവികാസങ്ങള്‍ നോക്കാം.
2022 മാര്‍ച്ച് 16
സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ ലങ്കയില്‍ പ്രസിഡന്റ് ഗോതബായ രജപക്സെ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായി. പ്രതിപക്ഷ പാര്‍ടി സമാഗി ജന ബലവേഗയ (എസ്ജെബി)യുടെ പതിനായിരക്കണക്കിനു പ്രവര്‍ത്തകര്‍ പ്രസിഡന്റിന്റെ ഓഫീസിനുമുന്നില്‍ പ്രകടനം നടത്തി.
മാര്‍ച്ച് 31
പ്രക്ഷോഭകര്‍ക്കുനേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചതോടെ പ്രതിഷേധം അക്രമാസക്തമായി.
ഏപ്രില്‍ 2
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സൈന്യത്തെ വിന്യസിച്ചു.
ഏപ്രില്‍ 3
സമൂഹമാധ്യമങ്ങള്‍ക്ക് 15 മണിക്കൂര്‍ വിലക്ക്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി ഏജന്‍സി ചെയര്‍മാന്‍ ഒഷാദ സേനാനായകെ രാജിവച്ചു. പിന്നാലെ പ്രധാനമന്ത്രിയുടെ മകനടക്കം മന്ത്രിസഭയിലെ അംഗങ്ങളും രാജിവച്ചു.
ഏപ്രില്‍ 4
ഭരണപ്രതിസന്ധി പരിഹരിക്കാന്‍ പ്രതിപക്ഷവുമായി ഭരണം പങ്കിടാമെന്ന ഗോതബായയുടെ ക്ഷണം നിരസിക്കപ്പെട്ടു. അലി സബ്രി, ജി എല്‍ പീരിസ്, ദിനേശ് ഗുണവര്‍ധന, ജോണ്‍സ്റ്റണ്‍ ഫെര്‍ണാണ്ടോ എന്നിവരെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു.
ഏപ്രില്‍ 5
സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. അധികാരമേറ്റ് ഒരു ദിവസത്തിനകം ധനമന്ത്രി അലി സബ്രി രാജിവച്ചു.
അടിയന്തരാവസ്ഥ പിന്‍വലിച്ചു.
ഏപ്രില്‍ 9
ഏറ്റവും വലിയ പ്രക്ഷോഭത്തിന് രാജ്യം സാക്ഷിയായി. പതിനായിരങ്ങള്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് തെരുവില്‍.
ഏപ്രില്‍ 10
അവശ്യ മരുന്നുകളുടെ ക്ഷാമം രൂക്ഷമായി.
ഏപ്രില്‍ 18
സഹോദരന്‍ മഹിന്ദ രജപക്സെയെ പ്രധാനമന്ത്രിയായി നിലനിര്‍ത്തിക്കൊണ്ട് പ്രസിഡന്റ് ഒരു പുതിയ സര്‍ക്കാരിനെ പ്രഖ്യാപിച്ചു. മറ്റ് രണ്ട് സഹോദരന്മാരെയും ഒരു മരുമകനെയും പുറത്താക്കി.
ഏപ്രില്‍ 19
പ്രതിഷേധക്കാരനെ പൊലീസ് വെടിവച്ചുകൊന്നു.
ഏപ്രില്‍ 28
രാജ്യം പൊതുപണിമുടക്കില്‍ നിശ്ചലം.
മെയ് 6
പ്രതിഷേധത്തെ നേരിടാന്‍ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
മെയ് 9
പ്രക്ഷോഭകര്‍ക്കുനേരെ സര്‍ക്കാര്‍ അനുകൂലികളുടെ ആക്രമണം. തുടര്‍ന്ന് തെരുവുകളില്‍ വലിയ സംഘര്‍ഷം അരങ്ങേറി. എംപി അമരകീര്‍ത്തി അതുകൊരാള വെടിയേറ്റു മരിച്ചു. രണ്ട് മുന്‍മന്ത്രിമാരുടെ വസതി ആക്രമിച്ചു. മഹിന്ദ പ്രധാനമന്ത്രിസ്ഥാനം രാജിവച്ചു.
മെയ് 12
പുതിയ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെയെ നിയമിച്ചു.
ജൂണ്‍ 9
മുന്‍ ധനമന്ത്രി ബേസില്‍ രജപക്സെ എംപി സ്ഥാനവും രാജിവച്ചു.
ജൂലൈ 9
പ്രസിഡന്റ് ഉടന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പതിനായിരങ്ങളുടെ നേതൃത്വത്തില്‍ ഔദ്യോഗിക വസതി പിടിച്ചെടുത്തു.
ജുലൈ 13ന് പ്രസിഡന്റ് ഗോതാബായ രാജപക്‌സെ രാജിവെയ്ക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
കാലാവധി അവസാനിക്കുന്നതിനുമുമ്പ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാല്‍, പാര്‍ലമെന്റ് അംഗങ്ങളില്‍നിന്ന് ഒരാളെ പ്രസിഡന്റായി തെരഞ്ഞെടുക്കാം. പ്രസിഡന്റിന്റെ രാജിക്ക് ഒരു മാസത്തിനകം തെരഞ്ഞെടുപ്പ് നടപടി ആരംഭിക്കണം.

